Wednesday, December 29, 2010

ഇലവത്തൂര്‍ കാവ്


ബസ്സ് ഇറങ്ങി അയാള്‍ നടന്നു. അമ്മാവന്റെ വീടാണ് ലക്ഷ്യം. സ്വന്തം വീട്ടില്‍ നിന്നും
പത്തമ്പത് കിലോമീറ്റര്‍ അകലെയാണ് ഈ വീട്. തന്റെ അമ്മയുടെ ദേശം. കുഞ്ഞുന്നാളില്‍
പലതവണ വന്നിട്ടുണ്ട് . ഉത്സവങ്ങള്‍ക്കും പള്ളിപ്പെരുനാളിനും സിനിമകള്‍ക്കും അങ്ങനെ
പലതിനും ഇവിടെയൊക്കെ അയാള്‍ ചുറ്റിനടന്നിട്ടുമുണ്ട്. ഇന്ന് കാലം ഒരുപാട് കടന്ന് പോയിരിക്കുന്നു.
പഠനം. ജീവിത തിരക്കുകള്‍.ഇവിടേക്ക് വരുന്നത് തന്നെ അപൂര്‍വ്വമായി.
ഈ വരവിന് ഒരു കാരണമുണ്ട്. അയാള്‍ക്ക് അമ്മാവനെ ഒന്ന് കാണണം.
അമ്മാവനെന്നാല്‍ അമ്മയുടെ അമ്മാവനാണ്. അതായത് മുത്തശ്ശിയുടെ സഹോദരന്‍. മുത്തശ്ശിയുടെ
കുടുംബത്തില്‍ മക്കള്‍ അഞ്ചാണ്. രണ്ട് ആണും മൂന്ന് പെണ്ണും. പെണ്‍ മക്കളെ മൂന്നിനേയും കെട്ടിച്ചയച്ചു.
ഇളയമ്മാവന്‍ ഭാര്യവീട്ടില്‍ സ്വസ്തമായി വാഴുന്നു! അങ്ങനെ കുടുംബവീട് വലിയ അമ്മാവന്റെ അധീനതയിലായി. അമ്മാവന്‍ നന്നേ അവശനായിരിക്കുന്നു. വയസ്സ് പത്തെഴുപത് കഴിഞ്ഞു. ഷുഗര്‍, പ്രഷര്‍, കൊളസ്ട്രോള്‍ ഇത്യാതി അസുഖങ്ങള്‍ക്ക് പുറമേ വാതത്തിന്റെ അസ്കിതയും ഉണ്ടെന്ന് കേള്‍ക്കുന്നു. അതിനിടെ അറ്റാക്കും ഒന്നു കഴിഞ്ഞു. അതുകൊണ്ട് അമ്മാവനെ ഒന്ന് കാണണം. ചെറുപ്പത്തില്‍ ഒരുപാട് എടുത്തുകൊണ്ട് നടന്നതാ‍ണ്. പിന്നെ.. ഇളയ സഹോദരിയുടെ വിവാഹമാണ്. കാര്യങ്ങള്‍ ഫോണ്‍ വഴിയും മറ്റും അറിയുന്നുണ്ടെങ്കിലും നേരില്‍ വന്ന് ക്ഷണിക്കേണ്ടത് കടമയാണല്ലൊ. ദൂരക്കൂടുതലും ജോലിത്തിരക്കുകളും കാരണം അച്ചനും അമ്മയും വരവില്‍ നിന്ന് ഒഴിവായി!

കാല്‍നടയായി കുറച്ചധികം ഉണ്ട് ആ വീട്ടിലേക്ക്. കുന്നും മലയും വയലും ഒക്കെയുള്ള പ്രകൃതി രമണീയമായ സ്ഥലം. പക്ഷെ ടാര്‍ റോഡുകള്‍ നന്നേ കഷ്ടി. മെയിന്‍ റോഡില്‍ നിന്നും വയല്‍ വരമ്പിലൂടെയും ഇടവഴിയിലൂടെയും മറ്റുമാണ് വീട്ടിലെത്തേണ്ടത്. നേരം വൈകി. നടപ്പ് തുടരുന്നു.
വീട്ടില്‍ നിന്ന് നേരുത്തെ ഇറങ്ങണം എന്ന് കരുതിയതാണ്. നടന്നില്ല. ബസ്സ് കിട്ടാനും വൈകി.
ഇരുട്ട് വീഴും മുന്‍പ് വീട് പിടിക്കണം. വഴി അത്ര തിട്ടം പോര.

ആ ദേശത്തെക്കുറിച്ചും ജനങ്ങളെക്കുറിച്ചും മുത്തശ്ശി പറഞ്ഞ അറിവാണ് കൂടുതലും.
ജനവാസം കുറഞ്ഞ പ്രദേശം. നെല്‍ കൃഷിയും റബ്ബറുമാണ് പ്രധാന ആദായ മാര്‍ഗ്ഗങ്ങള്‍.
വികസനം പൊതുവേ ആ വഴിക്ക് എത്തിനോക്കിയിട്ടില്ല എന്നത് ഒറ്റനോട്ടത്തില്‍ വ്യക്തം.
സൂര്യന്‍ വലിയ സിന്ദൂരപൊട്ട് പോലെ അസ്തമനം കാത്ത് നില്‍ക്കുന്നു. വെയിലിന് നന്നേ കട്ടികുറഞ്ഞിരിക്കുന്നു. നടത്തം തുടരുകയാണ്. വയലിലേക്കും മറ്റും ജലസേചനത്തിനുള്ള തോട് അരികിലൂടെ ഒഴുകുന്നു.തോട്ടിന്‍ വക്കിലൂടെ എന്തോക്കെയോ ഓര്‍ത്ത് അയാള്‍ നടന്നു. ഓര്‍ത്തപ്പോള്‍ പലതും ഓര്‍ത്തു. മുത്തശ്ശിയുടെ കഥകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നതും എന്നാല്‍ ഭയാനകമായി തോന്നിയിരുന്നതുമായ ഇലവത്തൂര്‍ കാവിനെക്കുറിച്ചും. അമ്മാവന്റെ വീടിനടുത്തെവിടെയോ ആണ് അതെന്നും മുത്തശ്ശിപറഞ്ഞതായി അയാള്‍ ഓര്‍ത്തു.

ഇലവത്തൂര്‍ക്കാവ് . സര്‍പ്പങ്ങളും നാഗദൈവങ്ങളും കുടിയിരുന്ന കാവ്. ഏതോ നമ്പൂതിരി കുടുംബമാണ്
അതില്‍ കര്‍മ്മങ്ങളും മറ്റും ചെയ്തിരുന്നത്. ഇലവത്തൂര്‍ എന്നത് കൊവിലകത്തിന്റെ പേരാണ്.
കലക്രമത്തില്‍ കോവിലകം ക്ഷയിച്ചു. കര്‍മ്മങ്ങളും ആരാധനയും മുടങ്ങി. ആരും തിരിഞ്ഞ് നോക്കാതെയായി. വള്ളിപടര്‍പ്പുകള്‍. തിങ്ങിനിറഞ്ഞമരങ്ങള്‍. ഇഴജന്തുക്കള്‍. സര്‍പ്പങ്ങള്‍. അങ്ങനെ അനാധമായി ഭീതിപടര്‍ത്തി ഇലവത്തൂര്‍ കാവ് അങ്ങനെ നിലകൊണ്ടു. ആയിടയ്ക്കെപ്പൊഴോ അവിടെ
ഒരു കൊലപാതകം നടന്നു. ഒരു യുവതിയുടെ അറുംകൊല. ഇലവത്തൂര്‍ കാവ് ഗ്രാമവാസികളുടെ
പേടി സ്വപ്നമാകാന്‍ അതിനും പങ്കൂണ്ട്.

ആ കഥ ഇപ്രകാരമാണ്. പണ്ട്. വളരെ പണ്ട് . തീവെട്ടി കൊള്ളക്കാര്‍ എന്ന് പരക്കെ അറിയപ്പെട്ടിരുന്ന
ഒരു പറ്റം തസ്കരന്‍മാര്‍ ഈ പരിസരങ്ങളില്‍ പാര്‍ത്തിരുന്നു. രാത്രികാലങ്ങളില്‍ വഴിയാത്രക്കാരുടെ
പണ്ഡവും പണവും അവര്‍ കവര്‍ന്നിരുന്നു. മാത്രമല്ല, കവര്‍ച്ച സ്ഥലവും മറ്റും കണ്ടെത്താതിരിക്കന്‍
അവര്‍ ആളുകളെ കൊന്ന് കുഴിച്ച് മൂടുകയും ചെയ്തു . ആയിടയ്ക്കാണ് ആ പെണ്‍കുട്ടിയുടെ കൊലപാതകം.
കൊലപാതകത്തിന് പിന്നില്‍ തീവെട്ടി കൊള്ളക്കാര്‍ തന്നെ. പക്ഷെ, കവര്‍ച്ചയേക്കാള്‍ ഉപരി
അവളുടെ സുന്ദരമേനി തന്നെയായിരുന്നു അവരുടെ ലക്ഷ്യം.

മോഹിനി. അതായിരുന്നു അവളുടെ പേര്. സുന്ദരിയായിരുന്നു. ആ ഗ്രാമത്തിലെ ഏറ്റവും സുന്ദരി.
കണങ്കാലോളം നീളുന്ന അവളുടെ കേശഭാരവും നിറഞ്ഞ മാറിടവും വെണ്ണതോല്‍ക്കുന്ന ഉടലും
പലരേയും മോഹിപ്പിച്ചു. പക്ഷെ ആര്‍ക്കും വഴങ്ങാന്‍ അവള്‍ ഒരുക്കമായിരുന്നില്ല. അവള്‍
വിദ്യാസമ്പന്നയായിരുന്നു. ആ നാട്ടില്‍ സ്കൂളിന്റെയും കോളേജിന്റെയും പടിവാതില്‍ കണ്ട ഏക സ്ത്രീ രത്നം.
അവള്‍ തന്റേടിയായിരുന്നു. പലരും അവളില്‍ കണ്ണു വെച്ചു. പലരുടേയും ഹൃദയത്തിലെ പ്രേമനിര്‍ഭര
നിമിഷങ്ങളില്‍ അവള്‍ നായികയായി. പലരും അവളെ ഒന്ന് സ്പര്‍ശിക്കാന്‍ കൊതിച്ചു. കൊടും ക്രൂരരായ
തീവെട്ടി കൊള്ളക്കാരും. അവര്‍ അവസരം പാര്‍ത്തിരുന്നു. ഒരുനാള്‍ അത് സംഭവിച്ചു. കോളേജില്‍
പോയി മടങ്ങി വരും വഴി. നേരം വൈകിയിരുന്നു. അവള്‍ കൊള്ളക്കാരുടെ കൈയ്യില്‍ അകപ്പെട്ടു.
അവള്‍ സഹായത്തിനായി അലറിവിളിച്ചു. അത് ആരൊക്കെയോ കേട്ടിരുന്നു, പക്ഷെ ആരും രക്ഷയ്ക്കെത്തിയില്ല. കാരണം രണ്ടാണ്. ഒന്ന് തസ്കരന്മാരുടെ കൈയ്യില്‍ പെട്ടലുണ്ടാവുന്ന അവസ്ത. രണ്ട് അവളുടെ രോദനം കേള്‍ക്കുംബോഴുണ്ടാകുന്ന രസം! ധിക്കാരിയല്ലേ? അതിലുപരി സുന്ദരിയും. അങ്ങനെ അവള്‍ കശാപ്പ് ചെയ്യപ്പെട്ടു. അവളുടെ മേനി അവര്‍ മൃഗീയമായി നുകര്‍ന്ന് രസിച്ചു. ഒടുവില്‍ ചേതന അശ്ശേഷം നിലച്ചിട്ടില്ലാത്ത ആ ശരീരം ഇലവത്തൂര്‍ കാവിനരികെ കുഴിച്ച് മൂടി. അത് വീണ്ടെടുത്ത് കര്‍മ്മങ്ങള്‍ നടത്താന്‍ അവളുടെ വീട്ടുകാര്‍ക്കുമായില്ല. അങ്ങനെ ആ ആത്മാവ് ഗതികിട്ടാതെ അലഞ്ഞു.
ഇലവത്തൂര്‍ കാവില്‍ അവളുടെ രോധനം പിന്നെയും ആരെല്ലാമോ കേട്ടു. കൊള്ളക്കാരില്‍ പലരും
അപമൃത്യു വരിച്ചു. ഇലവത്തൂര്‍ കാവിന് സമീപത്ത് കൂടി അസമയത്ത് യാത്ര ചെയ്തവരില്‍ പലരും
അകാരണമായി കൊല്ലപ്പെട്ടു. കാവില്‍ നിഗൂഡത കളിയാടി. പകല്‍ പോലും ആ വഴിക്ക് ആരും പോകാതെയായി. വര്‍ഷങ്ങള്‍ അങ്ങനെ കടന്ന് പോയി..

അയാള്‍ നടന്നു. ഇരുളിന് കട്ടി കൂടി കൂടി വന്നു. വഴി അവ്യക്തം. അയാള്‍ മുന്നോട്ട് നടന്നു.
മുള്‍ പടര്‍പ്പുകള്‍. ചീവീടുകളുടെ ശബ്ദം. ക്രമേണെ വെട്ടം തീരെ ഇല്ലാതായി. അയാള്‍ പിന്നെയും നടന്നു.
മരച്ചില്ലകള്‍ക്കിടയിലൂടെ നേരിയ നിലാ വെളിച്ചം കാണാം. ഒരുമാത്ര അയാള്‍ ശങ്കിച്ചു. വഴി തെറ്റിയോ? വിജനമായ സ്ഥലം. വീടും വെളിച്ചവുമില്ല. ഇങ്ങനെ ഒരു സ്ഥലം അയാളുടെ ഓര്‍മ്മകളിലെങ്ങുമില്ല. പരിഭ്രമം ! വന്ന വഴി തിട്ടവുമില്ല. എന്തോ ഒരു ധൈര്യം വീണ്ടും അയാളെ മുന്നോട്ട് നടത്തി.

സുഗന്ധം. പാലപ്പൂവിന്റേതാണൊ? അതെ. നായ്ക്കളുടെ ഓരിയിടല്‍ വ്യക്തമായി കേള്‍ക്കാം.
ചുറ്റിനും വന്‍മരങ്ങള്‍. കടവാവലുകള്‍ അതിന് മേല്‍ വട്ടമിട്ട് പറക്കുന്നു. അവയുടെ ചിറകടി ശബ്ദം.
ഭയാനകമായ അന്തരീക്ഷം. ഭയം അയാളെ കാര്‍ന്ന് തിന്നന്‍ തുടങ്ങിയിരിക്കുന്നു.
ഹൃദയമിടുപ്പിന്റെ വേഗത വര്‍ദ്ധിച്ചിരിക്കുന്നു. നെറ്റിയില്‍ വിയര്‍പ്പ് കണങ്ങള്‍ പൊടിഞ്ഞു. ഒടുവില്‍
അയാള്‍ തിരിച്ചറിഞ്ഞു താന്‍ എത്തിപ്പെട്ടത് ഇലവത്തൂര്‍ക്കാവില്‍. അറുംകൊലയുടെ രംഗങ്ങള്‍ അയാളുടെ മനസ്സില്‍ മിന്നിമറഞ്ഞു. അയാള്‍ തിരിഞ്ഞ് നടക്കാന്‍ തീരുമാനിച്ചു. അതൊ ഓടാനോ? ഒട്ട് ദൂരെ പാലമരത്തിനരികെ ഒരു തൂവെളിച്ചം. അയാള്‍ തെല്ലൊന്ന് നോക്കി.ഒരു സ്ത്രീ രൂപം. ക്രമേണ അത് അടുത്ത് വരുന്നു. സ്ത്രീ തന്നെ. അയാള്‍ ഉറപ്പിച്ചു. അയാള്‍ സ്തബ്ധനായി. ശ്വാസം നിലയ്ക്കുന്നത് പോലെ. ഭയം അതിന്റെ മൂര്‍ദ്ധന്യാവസ്തയില്‍. ഓടാന്‍ ആഗ്രഹിക്കുന്നെങ്കിലും അതിന് കഴിയാത്തപോലെ. അലറിവിളിക്കാന്‍ ശ്രമിച്ചെങ്കിലും ശബ്ദം പുറത്ത് വരുന്നില്ല. സ്ത്രീ രൂപം വീണ്ടുമടുക്കുന്നു. കഴുത്തിലും കയ്യിലും മുറിപ്പാടുകള്‍. മുഖം മുടിയാല്‍ മൂടപ്പെട്ട് കിടക്കുന്നു. തൂവെള്ള വസ്ത്രത്തില്‍ ചോരക്കറ. വസ്ത്രം അവിടവിടെയായി കീറിപ്പറിഞ്ഞിരിക്കുന്നു. നീളന്‍ നഖം. അതില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്നോ? കാലുകള്‍ കാണുന്നില്ല. വസ്ത്രത്താല്‍ മറഞ്ഞതാണോ? തീക്കനല്‍ പോലെ എന്തോ തിളങ്ങുന്നു. കണ്ണുകളാണോ? ഒരു മാത്ര അയാള്‍ സ്വബോധം വീണ്ടടുത്തു. ഓടി.. തിരിഞ്ഞ് നോക്കാതെ ഓടി. ഇലകളെ ചവിട്ടി ഞെരിച്ച് ഒരു കല്‍പ്പെരുമാറ്റം തന്നെ പിന്‍ തുടരുന്നതായി അയള്‍ അറിഞ്ഞു. കാറ്റ് ആഞ്ഞ് വീശുന്നു. പുറകില്‍ ചിരിയോ? അട്ടഹാസമോ? അതോ കരളലിയിക്കുന്ന രോധനമോ? എന്തെല്ലാമോ കേള്‍ക്കുന്നു. നയ്ക്കളുടെ ഓരിയിടല്‍. അവയില്‍ അയാളുടെ നിലവിളികള്‍ അലിഞ്ഞ് പോകും പോലെ. അയാള്‍ തിരിഞ്ഞ് നോക്കിയില്ല. ഓടി. മുള്‍പടര്‍പ്പിലൂടെയും കുറ്റിക്കാട്ടിലൂടെയും ചെളിനിറഞ്ഞ ഏതോ വയലിലൂടെയും ലക്ഷ്യബോധമില്ലാതെ കൂരിരുളിനെ ഭേതിച്ച് അയാള്‍ ഓടി.

ഒട്ടകലെ ഒരു നേര്‍ത്ത വെളിച്ചം കണ്ടു. അതെ അതോരു വീടാണ്. അയാള്‍ അവിടേക്ക് ഓടിക്കയറി.
പുരാതനമായ ഏതോ ഇല്ലമാണ്. പുറത്തെ ബള്‍ബിന്റെ അരണ്ട വെളിച്ചത്തില്‍ കൈകാലുകളില്‍
ചോര പൊടിഞ്ഞിരിക്കുന്നത് അയാള്‍ ശ്രദ്ധിച്ചു. വസ്ത്രങ്ങളില്‍ ആകമാനം ചെളിയും. അയാള്‍ ശക്തിയോടെ കതകില്‍ മുട്ടി.. വീണ്ടും മുട്ടി. ഒരു വൃദ്ധന്‍ ഇറങ്ങി വന്നു. നമ്പൂതിരി. പൂണൂലുണ്ട്. പിറകെ
ഒരു സ്ത്രീയും. മകളായിരിക്കും. വൃദ്ധന്‍ അല്‍പ്പം പരിഭ്രമത്തോടെ കാര്യം തിരക്കി.നടന്ന സംഭവങ്ങള്‍
അയാള്‍ പറഞ്ഞു. എന്തോ മനസ്സിലായ മട്ടില്‍ വൃദ്ധന്‍ തലയാട്ടി. ‘ മോഹിനീ.. നിന്റെ പക
ഇനിയും ഒടുങ്ങിയിട്ടില്ലേ..’ ഒരു ദീര്‍ഘനിശ്വാസത്തോടെ വൃദ്ധന്‍ സ്വയം പറഞ്ഞു. അസമയത്ത്
ആ വഴി വന്നതിന് വൃദ്ധന്‍ അയാളെ ശകാരിച്ചു. അയാള്‍ അടുത്തുനിന്ന സ്ത്രീയോട് അല്‍പ്പം വെള്ളം
ആവശ്യപ്പെട്ടു. അവര്‍ കൊണ്ടുകൊടുത്തു. അയാള്‍ കുടിച്ചു. വൃദ്ധനോട് പോകേണ്ട സ്ഥലം അയാള്‍ പറഞ്ഞു. അടുത്തുതന്നെ ആണെന്നും പത്ത് മിനിട്ടില്‍ കൂടുതല്‍ അങ്ങോട്ടേക്ക് നടക്കേണ്ടതില്ലെന്നും വൃദ്ധന്‍ മറുപടി നല്‍കി. പൊകുമ്പോള്‍ ഒരു ചൂട്ടും കത്തിച്ച് കൊടുത്തു. വൃദ്ധനോടും സ്ത്രീയോടും യാത്രപറഞ്ഞ്, വൃദ്ധന്‍ പറഞ്ഞ വഴിയേ ചൂട്ടും വീശി ഭയചകിതനായി തന്നെ അയാള്‍ നടന്നു.

ആധുനീക കാലം. യക്ഷിയും മാടനും മറുതയും ഭൂതവും പ്രേതവുമൊക്കെ വെറും കെട്ടു കഥകള്‍.
അങ്ങനെ വിശ്വസിക്കാന്‍ അയാള്‍ ശ്രമിച്ചു. ഒക്കെയും തന്റെ തൊന്നലായിരുന്നോ? അതൊ സത്യമോ?
ഒന്നും അയാള്‍ക്ക് നിശ്ചയമുണ്ടായിരുന്നില്ല. അയാള്‍ നടന്നു. അതാ വീട്. വൃദ്ധന്‍ പറഞ്ഞ, തന്റെ അമ്മാവന്റെ വീട്. അയാള്‍ പടിപ്പുര വാതില്‍ തുറന്ന് അകത്തേക്ക് കയറി. വെളിച്ചമുണ്ട്. ആരും ഉറങ്ങിക്കാണില്ല. അയാള്‍ ഉമ്മറത്തേക്ക് കയറി. അപ്പോഴും.. നനവാര്‍ന്ന മണ്ണിനടിയില്‍.. ശ്വാസം കിട്ടതെ മരണത്തോടടുക്കുന്ന, പിച്ചിചീന്തപ്പെട്ട ഒരു പെണ്ണിന്റെ നിസ്സഹായതയുടെ മുരളല്‍ അയാളുടെ കാതുകളില്‍ മുഴങ്ങുന്നുണ്ടായിരുന്നു...

Tuesday, February 10, 2009

- വൈകുംനേരങ്ങള്‍

തികച്ചും ബാലിശമായ ഒരു ചോദ്യം നിങ്ങള്‍ ഇഷ്ടപ്പെടുന്നത് രവിലയോ അതോ വൈകും നേരമോ ?

ഉത്തരം പലര്‍ക്കൂം പലതാവാം , ചിലര്‍ ഊഷ്മലവും ഉന്മേഷദായകവും ആയ പ്രഭാതത്തെ സ്നേഹിക്കുന്നു എന്നാല്‍ ചിലര്‍ അലസത ഉളവാക്കുന്ന വൈകുംനേരങ്ങളെയും , ഇതിന്റെ ഒന്നും പ്രസക്തിയെ കുറിച്ച് ചിന്തിക്കാത്തവരും ഉണ്ടാകാം. പ്രഭാതത്തെ ഇഷ്ടപെടുന്നവര്‍ ബാല്യത്തെയും സായാഹ്നത്തെ ഇഷ്ടപ്പെടുന്നവര്‍ വാര്‍ധക്യതീയും ആണ് ഇഷ്ടപ്പെടുന്നതെന്നു പറയാറുണ്ട് . അതിന്റെ സത്യാവസ്ഥയെ കുറിച്ചു ഞാന്‍ ഏതായാലും ചിന്തിക്കുന്നില്ല, എനിക്കിഷ്ടം വൈകുംനേരങ്ങളാണ് .

ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ എനിക്ക് എന്നും പ്രീയപ്പെട്ടത്‌ മനസ്സില്‍ ഓര്‍മ്മകളുടെ വസന്തം വിരിയിക്കുന്ന പള്ളിക്കുട മുറ്റമാണ് . രാവിലെ മുതലുള്ള ക്ലാസ്സുകളുടെ ബഹളങ്ങളും ഉച്ചയ്ക്കത്തെ ചമ്മന്തിച്ചൊറും പിന്നെ പൊരി വെയിലത്തുള്ള കളിയും അതുകഴിഞ്ഞ് തികച്ചും ആലസ്യത്തിന്റെ നടുവിലെ ഉച്ചക്കത്തെ ബോറന്‍ ക്ലാസ്സുമോകെ കഴിഞ്ഞാണ് നമ്മുടെ കഥാപാത്രമായ വൈകുംനേരം കടന്നു വരുന്നത് . കൂട്ട മണികള്‍ മുഴങ്ങുന്നതോടെ പിള്ളേര്‍ നാലുപാടും ചിതറി ഓടുകയായി , ആ കൂട്ടത്തില്‍ ഒരുവനായിരുന്നു ഞാനും . മിക്കവരും വീട്ടില്‍ എത്താനുള്ള തത്രപാടിലായിരിക്കും എന്നാല്‍ മങ്ങി തുടങ്ങുന്ന വെയിലും പള്ളിക്കുട മുറ്റത്തെ കിളിച്ചുണ്ടന്‍ മാവിനെ താഴുകിപോകുന്ന കാറ്റും പള്ളിക്കൂടത്തിന്റെ ചരിത്രത്തിനു സാക്ഷിയായ അരയാലിന്റെ ഇലകളുടെ കിലുകിലാ ശബ്ദവും , ഉച്ചയ്ക്കത്തെ കളിയുടെ ബാക്കിയെന്നോണം വിശാലമായ പള്ളിക്കൂട മയ്താനിയില്‍ അങ്ങിങ്ങായി കളിച്ചു രസിക്കുന്ന സഹാപാടികളെയും കാണുമ്പോള്‍ , ആഹ്ലാതത്തിനുപരി മനസ്സില്‍ എന്തോ ഒരു വികാരം അലയടിക്കുന്നടായി തോന്നിയിരുന്നു , അതെ ഞാന്‍ ആ വൈകുംനേരങ്ങളെ ഇഷ്ടപ്പെടുകയായിരുന്നു .

ഒരു പ്രണയം അത് മനസ്സില്‍ ഉണ്ടാക്കി തീര്‍ക്കുന്ന മാറ്റങ്ങള്‍ വളരെ വലുതാണ് . അതുകൊണ്ടാകാം അവളെ കണ്ടത് മുതല്‍ , ഇഷ്ടപെട്ടത് മുതല്‍ വൈകുംനെരങ്ങളുടെ ഭംഗി വര്‍ധിച്ചതായി തോന്നിയത് . അവളെ കാത്തു നില്‍ക്കാറുള്ള വരാന്തകള്‍ , അവളെ കാണാനുള്ള ആകാംഷയെ നീക്കികൊണ്ട് അവള്‍ കടന്നു വരാറുള്ള പള്ളിക്കുടത്തിന്റെ കവാടങ്ങള്‍ , അവളുടെ ശബ്ദം കേള്‍ക്കാന്‍ കൊതിച്ച കാതുകളില്‍ അവള്‍ ചൊല്ലാറുള്ള പ്രാര്‍ഥനാ ഗീതം കേള്‍പ്പിചു തന്ന ദ്രവിച്ച തൂണിലെ തുരുമ്പിച്ച മൈക്കുകള്‍ , ഇടവേളകളില്‍ അവള്‍ സമ്മാനിക്കുന്ന നിഷ്കളങ്കമായ പുഞ്ചിരിയിലെ ഒരു നൂറു കൗതുകങ്ങള്‍ ഒക്കെ എന്നെ വിട്ടകലുന്നത് വൈകുംനേരങ്ങളിലായിരുന്നു.

എല്ലാവരും പോയി കഴിയുമ്പോള്‍ ഒരു നല്ല ദിവസത്തിന്റെ സ്മരണയെ അയവിറക്കിക്കൊണ്ട് എന്നും എന്റെ കൂട്ടുകാരനായിരുന്ന ആ പഴഞ്ചന്‍ സൈക്കളും എടുത്തു വീട് ലക്ഷ്യമാക്കി യാത്ര തുടങ്ങുമ്പോള്‍ ഒരു മൂക സാക്ഷിയായി എന്റെ ഒപ്പം വൈകുംനേരവും ഉണ്ടാകും . സൂര്യന്‍ പടിഞ്ഞാറെ ചക്രവാളത്തില്‍ ചുവപ്പില്‍ തീര്‍ത്ത ചിത്രങ്ങള്‍ കോറിയിടുമ്പോള്‍ ആ അസ്തമയ സൂര്യന്റെ നേര്‍ത്ത കിരണങ്ങള്‍ ഗ്രാമമാകെ അവാച്യമായ ഒരു സൗന്ദര്യം പകര്‍ന്നുകൊടുക്കും പോലെ പലപ്പോഴും തോന്നാറുണ്ട് . കൊയ്തൊഴിഞ്ഞ പാടങ്ങള്‍ക്കുമുകളിലുടെ പറന്നുപോകുന്ന പറവക്കുട്ടങ്ങളും , മരക്കൊമ്പുകളില്‍ ചേക്കേറുന്ന പക്ഷികളുടെ ആരവങ്ങളും , ദൂരെ അമ്പലമുറ്റത്തെ അരയാല്‍ കൊമ്പില്‍ മുഴങ്ങുന്ന റെക്കോര്‍ഡ് നാദവും വൈകുംനേരത്തെ അന്തരീക്ഷമാകെ ശബ്ദ മുഖരിതമാക്കിക്കൊണ്ടിരുന്നു. ഇളം കാറ്റില്‍ പ്രകൃതിയുടെ സായാഹ്ന്ന മനോഹരിതകള്‍ കണ്ടു സൈക്കിള്‍ ചവിട്ടുമ്പോള്‍ ചെയിനിന്റെ കിറു കിറാ ശബ്ദം ഒരു അരോചകമായി തോന്നാറേ ഇല്ല. അന്തി കച്ചവടത്തിന്റെ ബഹളങ്ങള്‍ കേള്‍ക്കുന്ന മീന്‍ ചന്തയും പിന്നിട്ടു സൈക്കള്‍ മുന്നോട്ടു പോയികൊണ്ടേയിരുന്നു . പാതകളില്‍ ഇരുട്ട് വീഴും മുന്‍പുതന്നെ തെരുവ് വിളക്കുകള്‍ കത്തിതുടങ്ങും , കൈത്തോടിനു മുകളിലൂടുള്ള കലിങ്ങും കടന്നു സൈക്കിള്‍ വീടിനരികെ എത്തുമ്പോഴേക്കും പകലിനെ വേര്‍പിരിയുന്ന നൊമ്പരവും പേറി വൈകുംനേരം വിടവാങ്ങി പോയിരിക്കും ..

Wednesday, February 4, 2009

- സ്നേഹം ഒരു സ്വപ്നം

നിശബ്ധതയിലും നിശീധിനിയിലും
നിലാ വെളിച്ചത്തിലും അരുണ കിരണത്തിലും
സുഖമുള്ള കാറ്റിലും മഴയുള്ള രാവിലും
സന്ധ്യ കാന്തിയിലും പ്രിയതമേ ഞാന്‍ നിന്നെ അറിയുന്നു.

മഴവെള്ള പാച്ചിലില്‍ ജലകണം പോലെ
നിന്‍ മുന്നില്‍ ഞാന്‍ ഒരു ശൂന്യനാണെങ്ങിലും,
എന്‍ സ്നേഹമറിയാത്ത എന്‍ തമ്പുരാട്ടി
എന്‍ മനക്കോട്ടയില്‍ എന്നോമാലാല്‍ നീ .

മോഹിക്കാന്‍ ഉഴറുന്ന മാനമല്ലയെങ്ങിലും
നീയാകും ജ്വാലകള്‍ തെളിക്കുന്നു മോഹങ്ങള്‍
മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ ചാലിച്ച നിന്‍ മുഖം
മായാത്ത സ്വപ്നമായ് ഹൃദയത്തില്‍ നിറയുന്നു.

എന്തെല്ലാം നിനക്കിലും ഒന്നോന്നുമറിയാതെ
എന്നെന്നുമെന്നെ കാണുന്നു നിന്‍ മുഖം
എങ്ങിലും സ്നേഹമേ നീ എന്നുമെന്തിനു
എന്‍ കണ്ണില്‍ നിറയുന്ന ബാഷ്പമായ് മാറുന്നു .